ലേഖനങ്ങൾ

ഒരു അമ്മയുടെ ഗർഭപാത്രത്തിൽ

ഒരു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു:
 “നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?”
 
മറ്റേ കുഞ്ഞ് മറുപടി പറഞ്ഞു:
 “തീർച്ചയായും, പ്രസവത്തോടെ ഒരു പുതിയ ജീവിതം ഉണ്ടായിരിക്കും.അതിനായി നമ്മെ ഒരുക്കി എടുക്കുന്നതിന് ആയിരിക്കാം നാമിപ്പോൾ ഇവിടെ, ഈ ഗർഭ പാത്രത്തിൽ കഴിയുന്നത്‌.” 
 
വിഡ്ഢിത്തം! ശുദ്ധ വിഡ്ഢിത്തം! പ്രസവശേഷം ഒരു ജീവിതം ഇല്ല. ഉണ്ടെങ്കിൽ എന്തായിരിക്കും ആ ജീവിതം?”
 
 “എനിക്കറിയില്ല, പക്ഷേ എനിക്ക് തോന്നുന്നു, ഇവിടെ ഉള്ളതിനേക്കാൾ വെളിച്ചം നാം ഇനി ചെല്ലുന്നിടത്ത് ഉണ്ടായിരിക്കും.ഒരുപക്ഷേ ഈ പിഞ്ചു കാലുകൾ കൊണ്ട് നാം അവിടെ നടക്കും; വായകൊണ്ട് ഭക്ഷിക്കും”.
 
 “ഇത് വെറും അസംബന്ധമാണ്. ഈ കാലുകൾ കൊണ്ട് നടക്കുക സാധ്യമല്ല; മാത്രമല്ല വായ കൊണ്ട് ഭക്ഷണം കഴിക്കാനും സാധ്യമല്ല. വെറും വിഡ്ഢിത്തം! പൊക്കിൾകൊടിയാണ് നമുക്ക് പോഷകാഹാരം തരുന്നത്. നിനക്കറിയുമോ, പ്രസവത്തോടെ പൊക്കിൾകൊടി മുറിച്ചു മാറ്റപ്പെടും; അതോടെ തീർന്നു ഭക്ഷണം. അതുകൊണ്ട് പ്രസവത്തോടെ ജീവിതവും തീർന്നു. പൊക്കിൾകൊടി യാവട്ടെ വളരെ ചെറുതുമാണ്”.
 
 “പ്രസവത്തിനു ശേഷം കുറെ കാര്യങ്ങൾ ഉണ്ടെന്ന് ആണ് എന്റെ ധാരണ. ഈ ഗർഭപാത്രത്തിനുള്ളിൽ ഇപ്പോൾ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ഒന്നായിരിക്കും ആ ജീവിതം”.
 
 “പ്രസവിച്ചു പോയവർ ആരും ഇന്നുവരെ തിരിച്ചു വന്നിട്ടില്ല. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ അവസാനം പ്രസവം ആണ്. അതുകഴിഞ്ഞാൽ പിന്നെ ഒന്നുമില്ല. ഉള്ളത് ഇരുട്ടും ആകുലതയും മാത്രം. അത് നമ്മെ ഒന്നിനും സഹായിക്കുകയും ഇല്ല”. 
 
 “എന്തോ… എനിക്കറിയില്ല… പക്ഷേ എനിക്ക് തോന്നുന്നു.. പ്രസവത്തിനു ശേഷം നമ്മൾ തീർച്ചയായും നമ്മുടെ അമ്മയെ കാണും അമ്മ നമ്മളെ പൊന്നുപോലെ സ്നേഹിക്കുകയും ചെയ്യും”.
 
 “അമ്മയോ…? നീ അമ്മയിലും വിശ്വസിക്കുന്നുണ്ടോ? എങ്കിൽ നീ പറ, അവരിപ്പോൾ എവിടെയാണ്?”
 
 “അമ്മ എല്ലാമാണ്, നമുക്ക് ചുറ്റിലും അവളുണ്ട്. നാം ഇപ്പോൾ ജീവിക്കുന്നത് അമ്മയിലാണ്. അവൾ ഇല്ലാതെ നമ്മുടെ ഈ ലോകം പോലും ഉണ്ടായിരിക്കില്ല”. 
 
 “ഓ… നീ പുകഴ്ത്തി പറയുന്ന ഈ അമ്മയെ ഞാൻ ഒരിടത്തും കാണുന്നില്ലല്ലോ “.
 
 ‘ചിലപ്പോൾ നീ നിശ്ശബ്ദതയിലായിരിക്കുമ്പോൾ നിനക്കമ്മയെ കേൾക്കാൻ കഴിയും.. നിനക്കമ്മയെ മനസ്സിലാക്കാനും കഴിയും… പ്രസവശേഷം ഒരു ജീവിതമുണ്ട്.. അതാണ്‌ യദാർത്ഥ ജീവിതം… അതിനായി നമ്മെ ഒരുക്കി എടുക്കുന്നതിന് ആണ് നാം ഇവിടെ ഈ ഗർഭ പാത്രത്തിൽ ആയിരിക്കുന്നത്”.
 
 “എന്തോ…. എനിക്കറിയില്ല!!!!”
 
സാങ്കല്പികമെങ്കിലും, ഈ രണ്ടു കുഞ്ഞുങ്ങളുടെ സംസാരം നമ്മുടെ കണ്ണ് തുറപ്പിക്കുന്നു.. അമ്മയെ മനസ്സിലാക്കാത്ത ഗര്‍ഭസ്ഥശിശുവിന് തുല്യരാണ് ദൈവത്തെ മനസ്സിലാക്കാത്ത ഭൂമിയിലെ മനുഷ്യര്‍….. നമ്മൾക്ക് ഇന്നൊട്ടും ഉൾകൊള്ളാൻ കഴിയാത്ത എന്തോ ഒന്ന്  നമ്മെ കാത്തിരിക്കുന്നു…!!!!
 

 

More Articles

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top